അടൂര്‍: യുഡിഎഫ് ഭരണമെത്തുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റത്തിനു വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നമ്മുടെ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന കോഴ്സുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തുടങ്ങും.
മാറുന്ന തൊഴില്‍ സ്വഭാവത്തിനനുസരിച്ചുള്ള കോഴ്സുകള്‍ രൂപപ്പെടുത്തും. ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കുന്നതിനുള്ള പദ്ധതി യുഡിഎഫ് തയാറാക്കിയിട്ടുണ്ടെന്നും പുതുയുഗയാത്രയോടനുബന്ധിച്ചുള്ള സംവദിക്കാം പുതുയുഗത്തിനായി എന്ന സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അടൂരിൽ ഇന്നലെ രാവിലെ നടന്ന സംവാദത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം സാധാരണക്കാരായ ആളുകൾ തങ്ങളുടെ ജീവൽപ്രശ്നങ്ങളുയർത്തിയും സംസാരിച്ചു. ഉന്നയിക്കപ്പെട്ട പ്രധാന വിഷയങ്ങളിൽ ക്രിയാത്മക നിലപാട് യുഡിഎഫിനുണ്ടാകുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
19 വര്‍ഷമായി നടക്കുന്ന ചെങ്ങറ ഭൂ സമരത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭൂപരിഷ്കരണ നിയമം അവതരിപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ ചേര്ത്തുപിടിക്കുന്നതാകും യുഡിഎഫ് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന തൊഴിലാളികള്‍, കലാ, സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍ തുടങ്ങി.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇരുന്നൂറിലധികം ആളുകളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. ടൂറിസം, കാർഷികം, തീർഥാടനം, റെയിൽവേ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങൾ പലരും അവതരിപ്പിച്ചു. നാടിന്റെ നന്മയ്ക്കുതകുന്ന എല്ലാ പദ്ധതികളോടും ക്രിയാത്മക നിലപാടായിരിക്കും യുഡിഎഫിനുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാന്, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പന്തളം സുധാകരന്, ഷാനിമോള്‍ ഉസ്മാന്, ജനറല്‍ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു. യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്ക് പഠനം തുടരാൻ സഹായം ചെയ്യും
സ്വന്തം കരള്‍ പകുത്തു നല്‍കിയിട്ടും അച്ഛനെ നഷ്ടപ്പെട്ട കൊടുമൺ സ്വദേശിയായ പെൺകുട്ടിയുടെയും സഹോദരന്റെയും മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നു സതീശന് ഉറപ്പ് നല്കി. കോട്ടയം മെഡിക്കൽ കോളജിൽ യഥാസമയം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നുവെങ്കിൽ ഒരു പക്ഷേ തങ്ങളുടെ അച്ഛൻ ഇന്നും ജീവനോടെ കാണുമായിരുന്നുവെന്ന് പെൺകുട്ടി സംവാദ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു.
മെഡിക്കൽ കോളജിലെ ഡോക്ടർ ഉപരിപഠനത്തിന് അവധിയെടുത്തു പോയതോടെ മുടങ്ങിയ ശസ്ത്രക്രിയ പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്താൻ പണം കണ്ടെത്തേണ്ടിവന്നു. പ്രാരാബ്ധങ്ങളുടെ നടുവിൽ തങ്ങളുടെ പഠനം മുടങ്ങി. അച്ഛന്റെ മരണം നടന്ന ദിവസം വീടിനു ജപ്തി നടപടിയുമായി.ദുരിതങ്ങൾ വിവരിച്ച അനിതയെയും സഹോദരനെയും സഹായിക്കാൻ യുഡിഎഫുണ്ടാകുമെന്ന് വി.ഡി. സതീശൻ ഉറപ്പു നൽകി.